Saturday, 1 August 2015

മരണം വന്നൊരു നേരത്തില്‍ - (ഖണ്ഡകാവ്യം- കവിതകള്‍)

രവീന്ദ്രൻ കുമ്പളാംപൊയ്ക

പത്തനംതിട്ട ജില്ലയിൽ വടശ്ശേരിക്കര ഗ്രാമത്തിൽ കുമ്പളാംപൊയ്ക പുത്തൻവീട്ടിൽ ഗോപാലന്റെയും ഭവാനിയമ്മയുടെയും മകനായി 1946 -ൽ ജനിച്ചു.

വിദ്യാഭ്യാസം -

സി.എം.എസ്. ഹൈസ്‌ക്കൂൾ കുമ്പളാംപൊയ്ക, സംസ്‌കൃത അദ്ധ്യാപക പരീക്ഷ, ആനുകാലികങ്ങളിൽ നോവലും കവിതയും എഴുതുന്നുണ്ട്.

കൃതികൾ : പ്രകൃതി ദർശനം - കവിതാസമാഹാരം
                മരണം വന്നൊരു നേരത്തിൽ - ഖണ്ഡകാവ്യം

ഭാര്യ     : ചന്ദ്രലേഖ

വിലാസം : പുത്തൻ വീട്, കുമ്പളാംപൊയ്ക പി.ഒ.
                പത്തനംതിട്ട ജില്ല
                കേരളം - 689 661.
                +91 9400451120.
.
.
.
.
.
.
.
.
.
.
.
.
'മൃത്യു പോലൊരു മിത്രത്തെ
മർത്ത്യനില്ല നിനച്ചിടാൻ
എന്തുദുഃഖമാകിയാലും
മൃത്യു ബോധം ഹനിച്ചിടും'
.
.
.
.
.
.
.
.
.
.
.
.

‘മൃത്യു എന്ന ലാവണ്യാനുഭവം’
  
ഡോ. എം. എസ്. പോൾ
അസി. പ്രൊഫസർ
കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട.

ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ പ്രബലമാവുകയും പിന്നീട് ദുർബലമാവുകയും ചെയ്ത ഖണ്ഡകാവ്യ പ്രസ്ഥാനം മലയാള കവിതയുടെ സവിശേഷമായ സർഗാത്മക കാലഘട്ട മായിരുന്നു. മഹാകാവ്യങ്ങൾക്കും ഭാവഗീതങ്ങൾക്കു മിടയിലുള്ള ഈ കാവ്യമാതൃക ആധുനിക മഹാകവികളും പിൽക്കാല മഹാകവികളും ഒരുപോലെ പിന്തുടർന്നു. മലയാളത്തിലെ ഈടുറ്റ കാവ്യങ്ങൾ മിക്കതും ഈ വിഭാഗത്തിൽപ്പെട്ടവയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ വേർഡ്‌സ്‌വത്തിന്റെയും കോൾറിഡ്ജിന്റെയും കാലത്തുണ്ടായ പോലുള്ള ഒരുകല്പനിക നവോത്ഥാനത്തിന് ഇരുപതാം ശതകത്തിന്റെ ആദ്യ ദശകങ്ങളിൽ   മലയാള സാഹിത്യം വേദിയാകുന്നുണ്ട്. ഇൻഡ്യൻ ദേശീയ പ്രസ്ഥാനവും നമ്മുടെ നവോത്ഥാന പരിശ്രമങ്ങളും ഇത്തരമൊരു കവിതാ പ്രസ്ഥാനത്തിന് കാരണമാകുന്നുണ്ട്. 1895-ൽ ഏ. ആർ. രാജരാജവർമ്മ എഴുതിയ മലയവിലാസം ആദ്യ ഖണ്ഡകാവ്യമായി പരിഗണിക്കുന്നു ണ്ടെങ്കിലും ലക്ഷണമൊത്ത ആദ്യമലയാള ഖണ്ഡകാവ്യം കുമാരനാശാന്റെ വീണപൂവു തന്നെയാണ്. മലയാളത്തിലെ മിക്ക ഖണ്ഡകാവ്യങ്ങളിലും മരണത്തിന്റെ സാന്നിധ്യം ദൃശ്യമാണ്. ഖണ്ഡകാവ്യങ്ങളെ തുടർന്നുണ്ടായ വിലാപ കാവ്യങ്ങൾ മരണത്തെക്കുറിച്ച് ദാർശനികമായി സംസാരിക്കുന്നുണ്ട്. മൃത്യു ബോധം നമ്മുടെ ഖണ്ഡകാവ്യ പ്രസ്ഥാനത്തെ ഏറെ സ്വാധീനി ച്ചിട്ടുണ്ടെന്നു കാണാം. ഖണ്ഡകാവ്യങ്ങൾ ഭാവ ഗീതങ്ങളിലേക്കും ലഘുകാവ്യങ്ങളിലേക്കും വഴിമാറുന്ന കാഴ്ച്ചയാണ് പിന്നീടനുഭവപ്പെട്ടത്.

ഉപേക്ഷിച്ച കാവ്യ മാതൃകകളും ഭാവുകത്വപരിസരങ്ങളും തിരിച്ചു കൊണ്ടുവരികയും ബോധപൂർവമുള്ള കാവ്യരചനയിൽ കൂടി ചരിത്രത്തിലെ തന്നെ ചില സന്ദർഭങ്ങളെ പുനരാനയിക്കുകയും ചെയ്യുക എന്നത് ഒരു സാംസ്‌കാരിക പ്രകൃയയാണ്. അത്തരം ഒരു സമീപന രീതിയാണ് രവീന്ദ്രൻ കുമ്പളാംപൊയ്കയുടേത്. മരണം വന്നൊരു നേരത്തിൽ എന്ന ഖണ്ഡകാവ്യം ഇത്തരം ഒരു പുനരായനമാണ്. ചന്ദ്രനും കാലനും, കാലനും മല്ലികയും, വൃക്ഷവീക്ഷണം, വൃക്ഷസ്തുതി, വൃക്ഷോപദേശം, ചന്ദ്രമല്ലികാ സംവാദം, നിശാപ്രാർത്ഥന, കാലോപദേശം, ചന്ദ്രധ്യാനം, മരണാശങ്ക, മരണാനന്തരം, പുനർജന്മം, നീതിവിഴുങ്ങിയ നിയമം, നിയതീസാരം എന്നിങ്ങനെ പതിനാലു ഖണ്ഡങ്ങളായി വ്യാപിച്ചു കിടക്കുന്ന ഈ ഖണ്ഡകാവ്യം ഒട്ടേറെ ദാർശനിക പ്രതിസന്ധികളെ മുന്നോട്ടു വയ്ക്കുന്നു. മൃത്യുവിന്റെ അനിവാര്യതയും മൃത്യുവിനോടുള്ള വിമുഖതയും സൃഷ്ടിക്കുന്ന സംഘർഷം ഈ കാവ്യത്തിലുടനീളം ദർശിക്കാം.

കാലം തീർന്നാൽ കാലം ചെയ്യും
കാലനുമതിനൊരു മാറ്റവുമില്ല
കാലം തീർക്കാൻ പായുകയാണീ
കോലം കെട്ടിണ ജീവികളഖിലം.

എന്ന നിരീക്ഷണം വളരെ പ്രസക്തമാണ്. മരണം വന്നൊരു നേരത്തിൽ ജീവിതാസക്തിക്ക് കുറുകെ പിടിച്ച കണ്ണാടിയാണ്. ചില സന്ദർഭങ്ങളിൽ ഈ കവിത ഉപനിഷത് സമാനമായി സാന്ദ്രമാകുന്നു. മറ്റു ചിലപ്പോൾ അങ്ങേയറ്റം വാചാലമാകുന്നു. കാളിദാസനെ പോലുള്ള നമ്മുടെ പ്രാചീന കവികൾ പിന്തുടർന്ന സൗന്ദര്യബിംബങ്ങളും ഹരിത സമൃദ്ധമായ പ്രകൃതിയുടെ ഇടങ്ങളെയും ഒക്കെ ഈ കാവ്യം ഹൃദയപൂർവ്വം ഏറ്റു വാങ്ങുന്നുണ്ട്. മൃത്യുവെന്ന ആത്യന്തിക സത്തയെ ഏതെങ്കിലുമൊരു പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനാവില്ല. ആദ്യകാല മലയാള കാല്പനിക കവിതയാകട്ടെ മൃത്യുബോധത്തെ ദാർശനിക തലത്തിൽ സമീപിച്ചിട്ടുണ്ട്. രവീന്ദ്രൻ കുമ്പളാംപൊയ്ക യുടെ കവിതകളിലാകട്ടെ അതിൽ നിന്നൊരു തിരിഞ്ഞു നടത്തമുണ്ട്. മരണത്തെ അകലെ നിർത്തുകയോ ആദർശവത്കരി ക്കുകയോ ചെയ്യുകയല്ല, മറിച്ച് അതിനെ ജീവിതത്തിനു സമാന്തരമായി ചർച്ച ചെയ്യുകയാണ്. ജീവിതത്തോടൊപ്പം കൈ പിടിച്ചു നടക്കുന്ന ഒരു അദൃശ്യ സാന്നിധ്യമാണിവിടെ മരണം. പ്രകൃതിയും സുന്ദര വസ്തുക്കളും സമൃദ്ധമാകുമ്പോഴും അതിനെല്ലാമിടയിൽ മൃത്യുവിന്റെ അന്തർലീനമായ സാന്നിധ്യം ദൃശ്യമാകുന്നുണ്ട്. അനിവാര്യമായ മൃത്യു വിടാതെ പിന്തുടരുന്നുണ്ടെന്ന സത്യം ഇവിടെ ഓർമ്മപ്പെടുത്തുന്നുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിൽ ഞെരിഞ്ഞമരുമ്പോഴും ചില ദർശനങ്ങളിലൂടെ കവി സഞ്ചരിച്ച് പരിഹാരം തേടുന്നു. പാരിസ്ഥിതിക വിവേകത്തിന്റെയും പരസ്പര പ്രണയത്തിന്റെയും ഉൾക്കാഴ്ചകളാണിവ.

മണ്ണു നാം വിറ്റു കൂടാ വാങ്ങാനും പാടില്ലല്ലോ
വീടുകൾ വച്ചു വാണിട്ടിട്ടേച്ചു പോകാമാർക്കും
കൂട്ടായി കൃഷിചെയ്തു വാഴണം സുഖമായി
പ്രാണികൾ വാഴും പോലെ കാലം വന്നു മാറിടും.

മനുഷ്യകേന്ദ്രീകൃതമല്ലാത്ത ഈ ഉത്തരാധുനിക കാഴ്ചപ്പാടാണ് ഇവിടെ കാണുന്നത്. ഇതാണ് കവിയുടെ ദർശനവും. മണ്ണൊരു പിടി പോലും പിടിച്ചു വാങ്ങിക്കൂടാ എന്ന ഉദ്‌ബോധനം ഭൗമചൂഷണത്തിന്റെ വർത്തമാനകാല പരിസരങ്ങളെ ഓർമ്മിപ്പിക്കുന്നു.

മരണം പിന്നാലെ സഞ്ചരിക്കുമ്പോഴും മനുഷ്യന്റെ തൃഷ്ണകൾക്കും ഐഹികലോകത്തോടുള്ള തീഷ്ണമായ ആസക്തികൾക്കും ഒട്ടും കുറവില്ലെന്ന് രവീന്ദ്രൻ കുമ്പളാംപൊയ്ക ഈ ഖണ്ഡകാവ്യത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലയാള കവിതയ്ക്കു നഷ്ടപ്പെട്ടുപോയ താളലയ സൗകുമാര്യങ്ങളോടൊപ്പം നമ്മുടെ സംസ്‌കാരത്തെയും വീണ്ടെടുക്കാൻ കവി നടത്തുന്ന ശ്രമങ്ങളാണ് മറ്റൊന്ന്. വൃത്തബദ്ധവും ശ്ലോകബദ്ധവുമായ കാവ്യ രചനാ രീതികൊണ്ടും  കവി ഈ ഖണ്ഡകാവ്യത്തെയും അനുബന്ധ കവിതകളെയും ഹൃദയാഹ്ലാദദായകമാക്കീട്ടുണ്ട്.
.
.
.
.
.
.
.
.
.
.
.
.
.
.
ആമുഖം

പ്രപഞ്ച താളബദ്ധമീ
ജീവജാലമശേഷവും
താളാത്മകമായിത്തന്നെ
ഗോളങ്ങളു ചലിപ്പതും.

മർത്ത്യനുണ്ടോരോ നടപ്പും
ഭാവശബ്ദാദി രൂപവും
പ്രപഞ്ച താള ശക്തിക്കു
വിധേയം സൃഷ്ടി വാഴ്ച്ചയും.

ജീവിതത്തിന്റെ താളങ്ങൾ
തെറ്റുന്നബാലവൃദ്ധവും
ശ്ലോകബദ്ധ കാവ്യം വിട്ടു
സംസ്‌കാരവും ഹനിച്ചു നാം.

ഏകനായ് കളിച്ചക്ഷരം-
താളമായി നിരത്തി ഹാ!
നാലു പാദം തീർന്നപ്പോ-
ളാനന്ദം വന്നു, പദ്യവും.

ആയിരങ്ങളങ്ങനെ ഞാൻ
ചമച്ചുപോയ് വിനോദമായ്
പുസ്തകത്താളിൽ വിശ്രമം
കൊള്ളുവാനും വിധിച്ചപോൽ.

ജീവിതമാം തീർത്ഥാടനം
നോവൽ ചമച്ചു, പിന്നെയും
മൃത്യു വന്നൊരു നേരത്തിൽ
ഇന്നിതാ ഖണ്ഡകാവ്യമായ്.
ആദികാവ്യം തന്നെയെന്നും
ആദി സംസ്‌കാര രേഖയും
കാവ്യത്തിലൂടുണ്ടായതീ
ഭാരതത്തിന്റെ സംസ്‌കൃതി.

പ്രകൃതീബദ്ധ താളത്തിൽ
 കാവ്യമേതു ചമയ്ക്കുകിൽ
പ്രകൃതീടാത്മ ചൈതന്യം
വാണിടുന്നതിലക്ഷയം.

ആത്മചൈതന്യം വാഴുന്ന
രാമായണത്തെ, ഗീതയെം
പാടിപ്പുകഴ്ത്തുന്നു ലോകം
കാലങ്ങൾക്കു മതീതമായ്.

ആധുനീകം തന്നിൽ വീണു
താളം തെറ്റുന്നു ജീവിതം
വിവേക ബുദ്ധി കൊണ്ടേതു
ജന്തു വേണേലുമായിടാം.

സംസ്‌കാരത്തെയാനയിക്കാൻ
ആവുന്നതൊക്കെ ചെയ്ക നാം
വിസ്മരിച്ചാവില്ല, വിട്ടു
പിൻപോയവരെ,കാവ്യവും.

ആരൊക്കെയോയെഴുതാനായ്
നേരം പോക്കിനി പാമരൻ
മാറിൽ വന്നപോൽ വരച്ചു
നേരു നിങ്ങൾ ക്ഷമിക്കണം.

പാവമാമീ പാമരന്റെ
കാവ്യത്തിന്നവതാരിക
നൽകി നൽ, ഡോക്ടർ എം. എസ്. പോൾ.
കാതോലിക്കേറ്റ് കോളജ്.

വന്ദിപ്പൂ ഗുരുപാദത്തിൽ
നന്ദിയോടെ കൃപയ്ക്കു ഞാൻ
നന്ദിയുണ്ടേവർക്കു മെന്നിൽ
നിന്ദിച്ചവർക്കുമൊക്കെയും.

പ്രിയനിൽ പ്രിയമല്ല മൃത്യു ഹാ!
പ്രിയയേയോർത്തുടയുന്നു മാനസം
ക്രിയയും ക്രയവും നിലച്ചുപോം
ഭയവും ചൊൽവതസഹ്യമാർക്കുമെ!

സംഘാതമാകുന്ന മാറിൽ
ശാന്തിയേകുന്നു വൃക്ഷവും
വാചാലമാകുന്നനേകർ
ചൊല്ലിടാം മൃത്യുദർശനം.

                                                       - രവീന്ദ്രൻ





ഉള്ളടക്കം

1 സരസ്വതീ സ്തുതി.......................................................00
2. ചന്ദ്രനും കാലനും..........................................................00
3. കാലനും മല്ലികയും......................................................00
4. വൃക്ഷ വീക്ഷണം...........................................................00
5. വൃക്ഷസ്തുതി................................................................00
6. വൃക്ഷോപദേശം............................................................00
7. ചന്ദ്രമല്ലികാ സംവാദം..................................................00
8. നിശാപ്രാർത്ഥന............................................................00
9. കാലോപദേശം..............................................................00
10. ചന്ദ്രധ്യാനം......................................................................00
11. മരണാശങ്ക.......................................................................00
12. മരണാനന്തരം.................................................................00
13. പുനർജന്മം.......................................................................00
14. നീതിവിഴുങ്ങിയ നിയമം.............................................00
15. നിയതീസാരം.................................................................00
16. ആരഹം.............................................................................00
17. വിദ്യാവിദ്യ.......................................................................00
18. മലയാളഗാനം.................................................................00  




സരസ്വതീ സ്തുതി

വിദ്യാവിനോദിനീ വാണീ
ശബ്ദാത്മികേ സരസ്വതീ
അജ്ഞാനാന്ധകാരം നീക്കി
വിജ്ഞാനപ്രഭയേകണം.

മന്നിലാനന്ദാവതാരം
വന്ദനം ഗുരുദേവ തേ!
അന്ധകാരാന്തകാ യെന്നിൽ
വന്നുവാഴുക വാണിയായ്.

ആദിശബ്ദപ്രണവമായ്
ഭാഷയായ് നീ കാവ്യമായ്
സംസ്‌കരിക്കുന്നു ലോകത്തെ
ശാരദാംബെ തൊഴുന്നു ഞാൻ.

പ്രപഞ്ച താളത്തിനൊത്തു
ശബ്ദമായ് സൃഷ്ടിയേതിലും
വിളങ്ങിനില്ക്കും ദേവതേ!
തെളിച്ചിടുക നേർവഴി.




ഖണ്ഡകാവ്യം

ചന്ദ്രനും കാലനും
കാണുകില്‍ കരിനിറം ചുവന്നിതാ-
കണ്ണു തീ നിലയമെന്നു തോന്നിടും
പാശപാണിയിതു കാലനായിടാം
ലേശമില്ലതിലെനിക്കു സംശയം. 1                                             
  
പോത്തുമായവനൊരിക്കലെത്തിയാല്‍
ചേര്‍ത്തിടാനവധിയില്ല ജീവിതം
മൃത്ത്യു തന്റെയവകാശി വന്നിതാ
മര്‍ത്ത്യനില്ലിവിടെ രക്ഷയൊന്നിലും. 2

കണ്ണടപ്പതിനു കാലമായതോ?
നഷ്ടമാക്കി സുഖഭോഗമൊക്കെയും
ഇട്ടുപോവുകയതും സഹിച്ചിടാ
കൊണ്ടു പോവുകയസാധ്യമൊന്നുമേ. 3

മരണം വന്നരികിലെത്തിയ നേരമാണു
തെരയുന്നിങ്ങു ജഗദീശ മറന്നതൊക്കേം
വരികില്ലാര്‍ക്കുമെ തിരിച്ചൊരുനാളുമെന്നോര്‍-
ത്തെരിയുന്നെന്നുടല്‍ കളഞ്ഞു കുളുച്ച കാലം. 4

ആരാകിലും കാല രൂപത്തെ കണ്ടാ
നേരിട്ടു നില്‍പ്പാനുമാവില്ല വാടി
പ്രാണാര്‍ദ്ധമപ്പോഴെ ദേഹത്തെ വിട്ടൂ
ചൂണ്ടയ്ക്കു പെട്ടോരു മത്സ്യത്തെ പോലെ. 5

കാര്യമില്ല കാലനോടിരക്കിലെങ്കിലും            
നേരമില്ല ചൊല്ലണം തിരിച്ചു പോയിടാന്‍
ഭാര്യയുണ്ടു സുന്ദരീ തനിച്ചു വിട്ടു ഞാന്‍
പോരുകില്ല കാലനീതിയെന്തു കഷ്ടമെ! 6

എന്തിതു കാലാ എന്നുടെ ജീവന്‍
തന്നില്ലേലിനി പോവുകയില്ലേ?
യൗവനമെന്നൊടു കൂട്ടിനു വന്നതു
മീവര്‍ഷമതൂടോര്‍ക്കുക ദേവാ! 7

പൂവും കായും പത്രവുമൊക്കെ-
പ്പാകം വന്നേ കൊഴിയുകയുള്ളൂ
കാലം തന്നേ തോന്നും പോലെ
വന്നാലാരും പഴി ചൊല്ലില്ലേ! 8

കാലം തീര്‍ന്നാല്‍ കാലം ചെയ്യും
കാലനുമതിനൊരു മാറ്റവുമില്ല
കാലം തീര്‍ക്കാന്‍ പായുകയാണീ
കോലം കെട്ടിണ ജീവികളഖിലം. 9

നാളെപ്പകലോന്‍ വന്നാലൊരു മണി
നീളില്ലതിലിനി ജീവിതമൊട്ടും
ആശാപാശം പൊട്ടിച്ചെറിയൂ
സ്വസ്ഥത തേടൂ കടവും വീട്ടി. 10

കായത്തിനന്ത്യത്തെ കല്പിച്ചു വിട്ടാ
പ്രായത്തെ നോക്കീടുകില്ലല്ലൊ മൃത്യു
നേട്ടങ്ങളെന്തെന്നു നോക്കാതെ തന്നെ-
യീയോട്ടമെങ്ങോട്ടതോര്‍ത്താലൊ ഭ്രാന്തന്‍. 11

അമ്പിളി പുഞ്ചിരി തൂകിയ വിണ്ണില്‍
താരകള്‍ വന്നു മിനുങ്ങുമ കാഴ്‌ചേം
കാണാനുമായില്ല സൂര്യനെ കാത്തു
പാടിസ്തുതിക്കുന്ന ഖഗാദികളേം. 12

നീരിനെ പെറ്റൊഴുക്കുന്ന കുന്നുകളും
കുന്നു കുടിക്കുന്ന മഞ്ഞും മഴകളും
വാരിയെപ്പുണരും ജീവജാലങ്ങളും 
നേരില്‍ കാണണം പൂവും പുഴയുമെല്ലാം. 13

അന്യരല്ലവനിയില്‍പ്പിറന്നവ-
യെന്നറിഞ്ഞിവിടെ തന്നെ വാഴണം
മന്നിലിന്നു തുണയേകിടാനൊരു
പുണ്യമില്ലതിനു നന്മ ചെയ്യണം. 14

നരകം കൂട്ടിനു വരുമെന്നാലും
ദുരിതം കൊണ്ടിനി നിറയായാലും
ധരയില്‍ വാഴുവതിനു ധര്‍മ്മേന്ദ്രാ
തരണം ജീവിതമൊരു നൂറ്റാണ്ട്. 15

മരണം വരുമിനിയറിയണമാരും
അറിയൂ വിഷയം വിഷമം തന്നെ
ദുരിതം തരണം ചെയ്യാനാരും
ശരണം ശിവ! ശിവ! ചൊല്ലീടേണം! 16

മരണം മാറ്റാനരുതെന്നറിയൂ
കരയാതുടനേ നേരില്‍ത്തിരിയുക
ഗുരുവരനരുളിയ ഗുണമതിലാഴുക
വരുമതി സുഖമതില്‍ വാഴുക നിത്യം. 17 

മോഹം കൊണ്ടൊരു കൂടു പണിഞ്ഞാ
ദാഹം തീരാ ദുരിതവുമുണ്ണാം
ദേഹിക്കില്ലൊരു വിഷയ വിഷാശ
ദ്രോഹിക്കരുതിനി നിന്നെത്തന്നെ. 18

ജീവന്റെ വാഴ്ചയതെനിക്കു നാളേ-
യ്ക്കാവല്ലെ, കാണുകയസാധ്യമെന്തും
ദൈവങ്ങളൊക്കെ ചതി ചെയ്തു പോയി
ആവില്ലിനി പ്രിയയെ കാണുവാനും. 19

ഗര്‍ഭം ധരിച്ചു മമ മല്ലികയ്ക്കു-
മാസങ്ങളഞ്ചു തികയുന്നു ദേവാ!
ആരാണു വന്നിനി വിളിപ്പതോര്‍ത്താല്‍
കാലന്റെ പാശമതിലായിരിക്കാം. 20

ശിക്ഷിപ്പതിങ്ങനെയിതാരു താങ്ങും
രക്ഷിപ്പതില്ലെ വിധിയെന്നു ചൊല്ലാം
മോക്ഷത്തിലെന്തു കഥ ചത്തു പോകില്‍
ഇക്ഷോണിയെന്തിനു കറങ്ങിടുന്നു. 21

അരുതെന്റെ കുമാര നിന്മനം
ഭ്രമരത്താലറിവും നശിച്ച പോല്‍
മരണം വരുമെന്നതോര്‍ത്തു നാം
ശരണം ചൊല്ലി ഭജിച്ചു വാഴണം. 22

പിരിയാതിവിടാരുമില്ല കേള്‍
നരലോകത്തിലെ ദൈവമാകിലും
പരജന്മ സുഖം നിനയ്ക്കുകില്‍
വിരഹോല്‍ക്കണ്ഠയൊഴിഞ്ഞു പോയിടും. 23

ഏകയായെന്റെ സീതയെങ്ങു വാണിടും
ഏകിടാനാരുമില്ലിങ്ങവള്‍ ഗര്‍ഭിണീം
സങ്കടങ്ങളുണ്ടു വാഴുകില്ല, ദുഷ്ട-
ലോകമല്ലെ കൊന്നിടാനും മടിക്കുമോ? 24

ഈലോക ജാലങ്ങളശേഷവുമോര്‍ക്കിലെല്ലാം
ഈലോകത്തിലില്ലവയുമല്പ കാല ശേഷം
ഗര്‍ഭത്തിനു മുമ്പുണ്ട്, ഇല്ലേലില്ലാത്ത വസ്തു
ഗര്‍ഭത്തിലുമുണ്ടാവില്ലെന്നതു തന്നെ യുക്തീം. 25

ഇല്ലാതാകുന്നില്ലൊരണു ജീവി പോലുമിങ്ങ്
എല്ലാം കെട്ടിയാട്ടുന്ന വേഷമത്രെ!
നല്ലോരു ജന്മത്തിനു പ്രാര്‍ത്ഥിക്കയുള്ള കാലം
ഇല്ലേലീച്ച പോലിനി കാല ശേഷം. 26 

പതിവ്രതയവളുടെ നിലവിളി കേട്ടാ 
ഗതിയില്ലാതുടനോടുകയില്ലേ?
മൂര്‍ത്തികള്‍ മൂവരു തോറ്റിട്ടില്ലേ?
പതിവ്രതയൊരുവടെ മുമ്പില്‍പ്പണ്ട്. 27

അവളുടെ ശാപം ഏല്‍ക്കുകയായാല്‍
പരഗതി പോലും ഇല്ലാതാകും
ആയതു കൊണ്ടിനി പോവുക കാലാ
കൂടാമിനിയൊരു കാലം തന്നില്‍. 28  

ശിവ ശങ്കര പാര്‍വ്വതീപതി 
നരനാരായണ വൃന്ദ സേവിതന്‍
തരുകിന്നു കൃപാകരാ വരം
മരണത്തീന്നൊരു രക്ഷയാകുവാന്‍. 29

പാതി മെയ്യായ ഭര്‍ത്താവിനു നല്‍കിടാം
പാതിയായുസ്സു പാതിവ്രത്യ ശക്തിയാല്‍
നീതിയല്ലെങ്കിലും ചെന്നു ചോദിച്ചിടാം
ശാന്തിയുണ്ടായിടാമെന്തുതന്നാകിലും.          30   

പാതിയല്ല മൊത്തവും നല്‍കുമെങ്കിലും
പാതിജീവിതത്തെ യാചിപ്പതെങ്ങനെ?
കാലനാണു ജീവനെ യാചിപ്പതെങ്ങും
മാല പോലൂരി നല്‍കുന്നതോ ജീവിതം?   31

ദേവ! ദേവ! നോക്കവളുമ്മറത്തില്‍
വേവലാതി പൂണ്ടുകൊണ്ടിരിക്കുന്നു
ഭൂവിലെന്നെയല്ലാതില്ല കാത്തിടാന്‍
ഭാവിഭൂതമൊക്കെയെണ്ണി സീതപോല്‍.        32

വേണ്ട വേണ്ട ചൊല്ലിടേണ്ടയിപ്പൊഴേ
കണ്ണുനീരില്‍ മുക്കിയിട്ടു കൊല്ലണോ?
കാണുവാന്‍ ത്രാണിയില്ലപ്പൊഴേ വീണു
മണ്ണിലാരു ക്ഷണനം ക്ഷണിച്ചു പോം.      33

എന്നോ ചെയ്‌തൊരു പാപത്താ-
ലിന്നീ ഗതി പതിച്ചതും
നന്നായിടാനുള്ളതോര്‍ത്താ 
പിന്നേം നല്ലതു വന്നിടും.                            34

വരികെന്നരികൊത്തു പിന്നിലാ-
യറിയാം നിന്‍പ്രിയ തന്റെയിംഗിതം
ഒരുവേളയൊരല്പ ശാന്തിയെ
വരുവാന്‍കാര്യമതാലറിഞ്ഞിടാം.            35







No comments:

Post a Comment